ഉറവ

Monday, 2 June 2008

Monday, 14 April 2008

Sent off

Wednesday, 28 February 2007

ചോട്ടാ ഡൈനോസറുകള്‍

ഡൈനിംഗ്‌ റൂമിലെ റ്റ്യൂബ്‌ ലൈറ്റും പരിസരവുമാണ്‌ ലൊക്കേഷന്‍. കഥാനായകന്മാര്‍ രംഗത്തേക്കു കടന്നുവന്നു. എട്ടാം ക്ലാസ്സില്‍ എനിക്ക്‌ കണക്കിന്‌ മൊട്ട വാങ്ങിത്തന്ന സജീവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്ക്‌ നമുക്കവരെ 'X' ,'Y'എന്നു വിളിക്കാം.അല്ലെങ്ങില്‍ വേണ്ട ഓരോ പേരായിക്കോട്ടെ - ഡിങ്ക്രൂസനും കുഡുബാപ്പിയും. ഓ.......കഥാനായകന്മര്‍ ആരണെന്നു പറയാന്‍ മറന്നു. രണ്ടു ഡൈനോസറുകള്‍;ഛോട്ടാ ഡൈനോസറുകള്‍.പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സാക്ഷാല്‍ പല്ലികള്‍.

ഒരു പരീക്ഷാത്തലേന്നാണ്‌ ഞാന്‍ ഇവന്മാരെ പരിചയപ്പെടുന്നത്‌.ഞാന്‍ ഡൈനിംഗ്‌ റൂമിലെ മേശയ്ക്കരികിലിരുന്ന് പഠിക്കുകയാണെന്നു പറയപ്പെടുന്ന(ഞാന്‍ പറയുന്നതല്ല) സമയം. പെട്ടെന്നൊരു 'ചടുപുടു ധോം.....'.സംഭവം മറ്റൊന്നുമല്ല, പല്ലികള്‍ എന്റെ പുസ്തകത്തില്‍ വീണതാണ്‌.അടിപിടി ഇപ്പോളൊന്നും തീരുന്ന ലക്ഷണമില്ല.കൂട്ടത്തില്‍ തടിയന്റെ-കുഡുബാപ്പി- വായില്‍ പാതിവിഴുങ്ങിയ ഒരു മഴപ്പാറ്റയുണ്ട്‌.അപ്പോള്‍ അതാണ്‌ സംഭവം. ഒരു പാറ്റയ്ക്കു വേണ്ടിയാണ്‌ ഈ പുകിലെല്ലാം നടന്നത്‌. ഹിന്ദി ടെക്സ്റ്റിലെ സൂര്‍ദാസ്‌ എഴുതിയ പദ്യം മനസ്സിലാവാഞ്ഞിട്ടാണോ,അതോ സ്ഥലകാല ബോധമുദിച്ചതുകൊണ്ടാണോ, എന്തായാലും രണ്ടുപേരും സ്ഥലം കാലിയാക്കി.

ഡിങ്ക്രൂസന്‍ റ്റ്യൂബ്‌ലൈറ്റിന്റെ പിറകുവശത്തുകൂടെ പതുങ്ങിച്ചെന്ന് ഒറ്റപ്പിടുത്തം.ഒരു മഴപ്പാറ്റ അവന്റെ വായിലായി.കുടുബാപ്പി എത്തിയതോടെ രംഗം കൊഴുത്തു.വീണ്ടും ഒരു 'ഡിഷൂം... ഡിഷൂം...'സില്ലി ബോയ്‌സ്‌ .ഒരു പാറ്റയ്ക്കു വേണ്ടിയാണോ ഇങ്ങനെയൊരു ബഹളം.
പെട്ടന്നാണ്‌ എനിക്കൊരു ഐഡിയ തോന്നിയത്‌.ഞാന്‍ കോലയില്‍ ചെന്ന് അഞ്ചെട്ട്‌ ഈയാംപാറ്റകളെ പിടിച്ചു കൊണ്ടുവന്ന് റ്റ്യൂബ്‌ ലൈറ്റിനു സമീപം പറത്തിവിട്ടു.രണ്ടു പേരും വന്ന് പാറ്റവേട്ട നടത്തി കപ്പം കുപ്പം ശാപ്പിട്ടു.അവന്മാര്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നുണ്ട്‌.ഗൗളിശാസ്ത്രം വശമില്ലാത്തതിനാല്‍ എനിയ്ക്കൊന്നും മനസ്സിലായില്ല.ഒരു ഗംഭീര സദ്യയൊരുക്കികൊടുത്ത എനീയോന്നു നോക്കുക പോലും ചെയ്യാതെ അവന്മാര്‍ വാലുമാട്ടിക്കൊണ്ട്‌ കുണുങ്ങിക്കുണുങ്ങി ചുമരും കയറിപ്പോയി
"നന്ദിയില്ലാത്ത പട്ടി(ല്ലി)കള്‍"

Sunday, 10 December 2006

ഒളിച്ചോട്ടം

ഒരു പൂമ്പാറ്റ
പതിവായ്‌
പൂവിനരികില്‍ വരാറുണ്ടായിരുന്നു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‌
കഥകള്‍ ചൊല്ലാറുണ്ടായിരുന്നു


* * *

ഒരു ദിവസം
ചെടി,
ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍
മുങ്ങിക്കിടക്കവെ,
ആരോടും യാത്ര പറയാതെ
പൂവ്‌,
ഞെട്ടില്‍നിന്നടര്‍ന്ന്
ഒച്ചയുണ്ടാക്കാതെ
ഇതളുകള്‍ പതുക്കെ വീശി
പറന്നു പോയ്‌-പൂമ്പാറ്റയ്ക്കൊപ്പം

വര്‍ത്തമാനത്തിന്‌ ചില ഉപദേശങ്ങള്‍(തികച്ചും ഫ്രീ...!!!)

(ഭൂതകാലത്തില്‍.........,എന്നു പറഞ്ഞാ...ഒരു കൊല്ലം മുന്‍പ്‌ എഴുതിയത്‌)
സാമ്പത്തികം
ഡോളര്‍ നോട്ടിന്റെ
തഴച്ച പച്ചപ്പില്‍ >>>
പാവങ്ങളുടെ പിച്ചച്ചട്ടികള്‍
ലേലത്തില്‍ പിടിക്കുക

രാഷ്ട്രീയം
കള്ളത്തരങ്ങള്‍ക്ക്‌
വെള്ളപ്പെയ്ന്റടിച്ച്‌
മുഖത്തൊരു പുഞ്ചിരി
ഒട്ടിച്ചു വെക്കുക
നാലുപേരൊത്താല്‍
പുതിയ പാര്‍ട്ടിയുണ്ടാക്കുക

മതേതരത്വം
കാദറിന്റെ തല വെട്ടി
ഹിന്ദുമതത്തിന്റെ ചുവട്ടിലിടുക
കുഞ്ഞിരാമന്റെ ചോര
<<< പള്ളിക്കമ്മറ്റിയില്‍ കുടിക്കാന്‍ കൊടുക്കുക
മതങ്ങള്‍ തഴച്ചു വളരട്ടെ;
മനുഷ്യ കുലമുണ്ടെങ്കില്‍

സമാധാനം
കോഴിയെക്കൊന്ന കുറുക്കന്‌
സമാധാന നോബല്‍ കൊടുക്കുക
പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി
യുദ്ധത്തെ സമാധാനമെന്ന് വളച്ചോടിക്കുക

സാമൂഹ്യ പാഠം
കട്ടവനെ കിട്ടിയില്ലെങ്കില്
‍കിട്ടിയവനെ ഉരുട്ടിക്കൊല്ലുക
ചുറ്റുമിരുട്ടു പരന്നാല് >>>
‍പെങ്ങളെത്തന്നെ പങ്കിട്ടെടുക്കുക
അരാജകത്വത്തിന്റെ അനന്തസാധ്യതകളെ
ആവോളം ഉപയോഗിക്കുക

അനുബന്ധം
ഭരണ ഘടനയെ കഷണങ്ങളാക്കി
നാലുനേരം കലക്കിക്കുടിക്കുക
എതിരു മാത്രം പ്രവര്‍ത്തിക്കുക
നേരവും കാലവുമൊത്താല്‍
ഗാന്ധിയുടെ മണ്ടയ്ക്കുമെറിയുക


N.B.:-എന്റെയീ ഉപദേശങ്ങളെ
വളച്ചൊടിക്കരുത്‌